തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസന കുതിപ്പില്‍, ഫൂട്ട്ഓവര്‍ നിര്‍മാണം തുടങ്ങി.
- ഷാഹുല്‍ ഹമീദ് വി.ടി
- Feb 6, 2015
- 1 min read

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനം ലക്ഷ്യമിട്ട് ഫൂട്ട്ഓവര്‍ ബ്രിഡ്ജ് നിര്‍മാണം തുടങ്ങി. ഇ.അഹമ്മദ് റെയില്‍വേ മന്ത്രിയായിരിക്കുമ്പോള്‍ നടത്തിയ നിവേദന ഫലമായി അനുവദിച്ച രണ്ട് പ്ലാറ്റ്ഫോമും ബന്ധിപ്പിച്ചുള്ള ഫൂട്ട്ഓവര്‍ ബ്രിഡ്‌ജിന്റെ നിര്‍മാണ പ്രവര്‍ത്തനമാണ് ആരംഭിച്ചത് . ഒന്നാം പ്ലാറ്റ്ഫോമില്‍ എത്തിച്ചേരാന്‍ യാത്രക്കാര്‍ക്കുള്ള വിഷമം കണക്കിലെടുത്ത് ഫൂട്ട്ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ട് വരികയായിരുന്നു.
നീളം കൂടിയ വണ്ടികളില്‍ കയറുന്നതിന്ന്‍ പ്ലാറ്റ്ഫോം നീളം കൂട്ടി ഉയര്‍ത്തുന്നതിനുള്ള പ്രവൃത്തി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഫൂട്ട്ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തതിനാല്‍ രണ്ടാം പ്ലാറ്റ്ഫോമില്‍ നിന്നും ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കയറിപ്പറ്റുന്നതിന്ന്‍ ഏറെ പൊല്ലാപ്പായിരുന്നു. ഇ. അഹമ്മദ് റെയില്‍വേ മന്ത്രിയായിരിക്കവേ നടത്തിയ റെയില്‍ വികസനത്തിന്റെ പട്ടികയില്‍ മുന്‍ഗണന ലഭിച്ച പ്രവൃത്തിയാണിത്. ടെണ്ടര്‍ നടപടി വൈകിയതാണ് പ്രവൃത്തി നടത്താന്‍ കാലതാമസം നേരിട്ടത്. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പുതുക്കിപ്പണിയുന്നതിനും നടപടിയുണ്ടെന്നാണറിയുന്നത്.
ഏറെ കാലം കയറ്റിറക്ക് നടത്തുന്നതിന്ന്‍ ട്രാക്കുകളും, ബോഗിയും ഈ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പുറമേ ബുക്കിംഗ് ക്ലാര്‍ക്ക്, സ്വിപ്പര്‍ എന്നീ പോസ്റ്റുകളും ഉണ്ടായെങ്കിലും പിന്നീട് അതൊക്കെ ഒഴിവാക്കി. സ്റ്റേഷന്‍ ഹാള്‍ട്ട് സ്റ്റേഷനായി തരം താഴ്ത്താനാണ് റെയില്‍വേ തീരുമാനിച്ചിരുന്നത്. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തും നാട്ടുകാരുടെ വികസന കമ്മിറ്റിയും, തൃക്കരിപ്പൂര്‍ പ്രസ്സ്ഫോറവും നടത്തിയ നിവേദന ഫലമായാണ് ഇ.അഹമ്മദ് എം.പി യുടെ ശ്രമഫലമായി നിലവിലുള്ള സൗകര്യം നിലനിര്‍ത്തിയത്.
തിരുവനന്തപുരം - കണ്ണൂര്‍ എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി സ്റ്റോപ്പ് അനുവദിച്ചതും പ്ലാറ്റ്ഫോം നീളം കൂട്ടി സൗകര്യം ഒരുക്കിയതും കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ ആരംഭിച്ചതും മുന്‍ മന്ത്രി അഹമ്മദിന്റെ വികസന നേട്ടമാണ്. ടൌണിന്ന് വിളിപ്പാട് അകലെയാണ് റെയില്‍വേ സ്റ്റേഷന്‍ എങ്കിലും യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ കടന്ന് ടിക്കറ്റ് കൌണ്ടറില്‍ എത്താന്‍ ഏറെ അസൗകര്യം നിലവിലുണ്ട്. നിലവിലുള്ള ടിക്കറ്റ് കൌണ്ടറും, സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടം ബ്രിട്ടീഷുകാരുടെ കാലത്ത് പണിതതാണ്. കാലവര്‍ഷ ക്കെടുതിയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മേല്‍കൂരയുടെ മേല്‍ പ്ലാസ്റ്റിക് വിരിച്ചാണ് ടിക്കറ്റ് വില്‍പ്പനയും അനുബന്ധ പ്രവര്‍ത്തനങ്ങളും സ്റ്റേഷനകത്ത് നടത്തിയത്. മൂന്ന്‍ മാസം കൊണ്ട് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പൂര്‍ത്തിയാക്കുന്നതോടെ തൃക്കരിപ്പൂര്‍ റയില്‍വെ സ്റ്റേഷനില്‍ ഏറെ വികസന സാദ്യത ലഭിക്കുമെന്നാണ് സൂജന.
Comentários