എം.എ അബ്ദുള്‍ ഖാദര്‍ മുസ്‌ല്യാരുടെ മരണം. ഗ്രാമങ്ങള്‍ തേങ്ങി.
- Trikaripur Vision
- Feb 18, 2015
- 2 min read

തൃക്കരിപ്പൂര്‍: അറിയപ്പെടുന്ന മതപണ്ഡിതന്‍ എം.എ അബ്ദുള്‍ ഖാദര്‍ മുസ്‌ല്യാരുടെ നിര്യാണം മൗലവി പിറന്ന ഉടുമ്പുന്തലയും സ്വന്തം തട്ടകമായിരുന്ന കൈക്കോട്ട്കടവ് ഗ്രാമവും ദുഖം കടിച്ചിറക്കാനാവാതെ തേങ്ങി. ചൊവ്വാഴ്ച രാത്രി മരണ വിവരം അരിഞ്ഞത് മുതല്‍ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് ശിക്ഷ്യ ഗുണങ്ങളും നാനാ ജാതി മതസ്ഥരായ നൂറ് കണക്കിന് ആളുകളാണ് എം.എ യുടെ കൈക്കോട്ട്കടവിലെ വസതിയിലേക്കൊഴുകിയെത്തിയത്.രാത്രി പുലരുവോളം നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടമായിരുന്നു മൗലവിയുടെ വീട്ടിലും പരിസരത്ത് റോഡിലും തിങ്ങിക്കൂടിയത്. കാല്‍നടയായും വാഹനങ്ങളിലുമായി എത്തിയ ജനങ്ങള്‍ക്ക് ഒരു നോക്ക് മയ്യിത്ത് കാണാന്‍ പെടാപാടായിരുന്നു. പുലര്‍ച്ചെ തന്നെ വീട്ടില്‍ സുബ് ഹി നമസ്കാരവും ഒപ്പം മയ്യിത്ത് നമസ്കാരവും നടത്തി പലരും നാട്ടിലേക്ക് മടങ്ങി. ആളുകളെ നിയന്ത്രിക്കുന്നതിന്ന് കൈക്കോട്ട്കടവ് - ഉടുമ്പുന്തല പ്രദേശങ്ങളിലെ മുസ്‌ലിം ലീഗ്-യൂത്ത് ലീഗ് പ്രവര്‍ത്തകരായ കെ.പി മുഹമ്മദ്, എം.കെ മുഹമ്മദ്, കെ.വി.പി അബ്ദുള്ള ഹാജി, വി.പി ശുഹൈബ്, എം.ഫായിസ്, മഹ്ബൂബ്, കെ. ആരിഫ്, കെ.ജാഫര്‍, എം.ഫൈസല്‍, കെ.പി അമീറലി, എം.കെ ഖാദര്‍, എം.സൈനുല്‍ ആബിദ്, ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എന്‍.അബ്ദുള്ള, എന്നിവരുടെ സജീവ പ്രവര്‍ത്തനം ശ്ലാഖനീയാമായിരുന്നു. വരുന്ന വാഹനങ്ങള്‍ വഴിയില്‍ തിരിച്ച് വിടാനും തിങ്ങിനിന്നവര്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിന്നും പ്രവര്‍ത്തകര്‍ സജീവത കാട്ടി. കാലത്ത് 8 മണിയോടെ കൈക്കോട്ട്കടവ് ജുമാഅത്ത് പള്ളിയിലേക്ക് മയ്യിത്ത് വീട്ടില്‍ നിന്ന് എടുത്തപ്പോള്‍ ജനം ഒന്നടങ്കം സങ്കടം വിതുമ്പി. പള്ളി പരിസരവും സ്കൂള്‍ കോമ്പൌണ്ടിലും ജനബാഹുല്യമായിരുന്നു. കൈക്കോട്ട്കടവ് ജമാഅത്ത് പള്ളിയില്‍ രണ്ട് തവണയാണ് മയ്യിത്ത് നമസ്കാരം നടത്തിയത്. ആദ്യത്തെ മയ്യിത്ത് നമസ്കാരത്തിന്ന് കോഴിക്കോട് മര്‍ഖസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളും, പിന്നീട് മുഹമ്മദ് ദാരിമിയും നേതൃത്വം നല്‍കി.
എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍, ഇബ്രാഹിം ഖലീലുല്‍ ബുഹാരി തങ്ങള്‍ , മുസ്തഫ തങ്ങള്‍ മാട്ടൂല്‍, പേരോട് അബ്ദുറഹിമാന്‍ സഫാഖി, ചിത്താരി ഹംസ മുസ്‌ലിയാര്‍, കോയമ്മ തങ്ങള്‍ മാട്ടൂല്‍, മുഹമ്മദ് കോയ, രാമന്തലി, മുഹമ്മദ് ദാരിമി, ഖാസി അഞ്ചരക്കണ്ടി അബ്ദുള്‍ റഹിമാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ മതപണ്ഡിതരും മാധ്യമം ഗള്‍ഫ് എഡിഷന്‍ പത്രാധിപര്‍ വി.കെ ഹംസ ഹാജി, സത്താര്‍ വടക്കുമ്പാട്,എസ്.കെ ഹംസ ഹാജി പെരുമ്പ,ടി.കെ.സി ഖാദര്‍ ഹാജി തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിലുള്ളവര്‍ വസതിയില്‍ എത്തി അനുശോചനം അറിയിച്ചു. മയ്യിത്ത് പിന്നീട് കാലത്ത് 9 മണിക്ക് ആമ്പുലന്‍സ് വഴി കാസര്‍ഗോഡ് ദേളിയിലേക്ക് കൊണ്ട് പോയി. പരേതനോടുള്ള ബഹുമാനസൂചകമായി കൈക്കോട്ട്കടവ് ഉടുമ്പുന്തല പ്രദേശങ്ങളില്‍ കാലത്ത് കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. ഉടുമ്പുന്തല നൂറുല്‍ ഹുദാ സെക്കന്‍ഡറി മദ്രസ, പൊറോപ്പാട് മദ്രസ, കണ്ണങ്കൈ മദ്രസ, കൈക്കോട്ട്കടവ് ഹിദായത്തു സുബിയാന്‍ മദ്രസക്കും കൈക്കോട്ട്കടവ് പാണക്കാട് പൂക്കോയ തങ്ങള്‍ സ്കൂളിന്നും അവധിയായിരുന്നു.

എം. എ അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാരുടെ മയ്യിത്ത് വീട്ടില്‍ നിന്നും കൈക്കോട്ട്കടവ് ജുമാഅത്ത് പള്ളിയിലേക്ക് നമസ്കാരത്തിന്നായി കൊണ്ട് വരുന്നു.

എം. എ അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാരുടെ മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാന്‍ കൈക്കോട്ട്കടവ് ജുമാഅത്ത് പള്ളി പരിസരത്ത് തടിച്ച് കൂടിയ ജനക്കൂട്ടം.
Commentaires