തൃക്കരിപ്പൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ ബില്ലടക്കാന്‍ എത്തുന്ന ഉപയോകതാക്കള്‍ പൊരി വെയിലേറ്റ് തളരു
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 18, 2015
- 1 min read
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ വൈദ്യുതി ഓഫീസില്‍ ബില്ലടക്കാനെത്തുന്ന ഉപയോക്താക്കള്‍ പൊരി വെയിലേറ്റ് തളരുന്നു.വൈദ്യുതി ചാര്‍ജ്ജടക്കേണ്ട കാലാവധിയാകുമ്പോഴാണ് തൃക്കരിപ്പൂര്‍ സെക്ഷന്‍ ഓഫീസിന് മുമ്പില്‍ ഉപയോക്താക്കളുടെ നീണ്ട നിര കാണുക. കടുത്ത വെയിലില്‍ ക്യൂ നില്‍ക്കുന്ന ഉപയോക്താക്കള്‍ക്ക് തണലേകാന്‍ താല്‍ക്കാലിക ഷെഡ് പോലും ഈ ഓഫീസില്‍ സൗകര്യപ്പെടുത്തിയിട്ടില്ല.പതിനെട്ടായിരത്തോളം കണ്‍സ്യൂമര്‍മാരുള്ള ഈ ഓഫീസില്‍ രണ്ട് ക്യാഷ് കൗണ്ടറുകളാണ് നിലവിലുള്ളത്.
ഈ കൗണ്ടറുകള്‍ക്ക് പുറത്ത് വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡ് സൈഡിലാണ് ക്യൂ. നീണ്ട ക്യൂ കാരണം പലരും ചാര്‍ജ്ജടക്കാന്‍ കഴിയാതെ പിന്മാറി പിന്നീട് സര്‍ചാര്‍ജ് അടക്കം കൊടുക്കുന്നുണ്ടെന്നാണ് വിവരം.
തങ്കയം ജങ്ങ്ഷനടുത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ സെക്ഷന്‍ ഓഫിസിന്ന്‍ സ്വന്തം കെട്ടിടം നിര്‍മ്മിക്കാന്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ആവശ്യമായ ഭൂമി ഇളമ്പചിയില്‍ സൗജന്യമായി വിട്ടുനല്‍കിയിരുന്നു.10 വര്‍ഷം കഴിഞ്ഞിട്ടും ഇളമ്പച്ചി 33 കെ.വി സബ് സ്റ്റേഷന്‍ പരിസരത്തെ ഈ സ്ഥലത്ത് ചുറ്റുമതില്‍ കെട്ടി സുരക്ഷിതമാക്കിയെന്നല്ലാതെ കെട്ടിടം പണിയാന്‍ നടപടിയായിട്ടില്ല. സ്വന്തം കെട്ടിട സമുച്ചയം പണിത് സെക്ഷന്‍ ഓഫീസ് ,ബില്ലിംഗ് യൂനിറ്റ്, സബ് സ്റ്റേഷന്‍ ഓഫീസ്, കളക്ഷന്‍ സെന്റര്‍ എന്നിവ ഒരുക്കുന്നതിനാണ് നടപടിയെന്നറിയുന്നു. എന്നാല്‍ പലവട്ടം തുടങ്ങിയ പദ്ധതികളൊന്നും ഇതുവരെ നടപ്പിലായിട്ടില്ല. പതിനായിരത്തിലധികം കണക്ഷന്‍ സെക്ഷന്‍ ആഫീസില്‍ വന്നാല്‍ മേജര്‍ സെക്ഷന്‍ ആയി ഉയര്ത്തണമെന്നാണ് നിയമം. പക്ഷെ അതും തൃക്കരിപ്പൂരിന്ന് അവഗണന തന്നെ. ജില്ലയില്‍ പുതിയ സെക്ഷന്‍ തുടങ്ങുമ്പോള്‍ തൃക്കരിപ്പൂര്‍ സെക്ഷന്‍ വിഭജിച്ച് സൗത്ത് തൃക്കരിപ്പൂര്‍ സെക്ഷന്‍ ഓഫീസ് തുടങ്ങുന്നതിന്നും നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ 33 കെ.വി സബ് സ്റ്റേഷന്‍ വന്നതോടെ ഫീഡറുകള്‍ വര്‍ദിപ്പിച്ച് വിതരണ ശ്ര്ഖല മെച്ചപ്പെടുത്തി പ്രൊപ്പോസല്‍ ഉപേക്ഷിക്കുകയായിരുന്നു. തൃക്കരിപ്പൂര്‍ സെക്ഷന്‍ ഓഫീസില്‍ ബില്‍ തുക അടക്കുന്നതിനു സൗകര്യം കൂട്ടുകയും കാഷ് കൌണ്ടറിനോട് ചേര്‍ന്ന്‍ ഷെഡ് നിര്‍മിച്ച് സൗകര്യം ഉണ്ടാക്കണമേന്നുമാണ് പൊതുജന അഭിപ്രായം.

തൃക്കരിപ്പൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിലെ കാഷ് കൌണ്ടറില്‍ പണമടക്കാന്‍ എത്തിയ ഉപയോക്താക്കളുടെ ക്യൂ.
Comments