top of page

കാര്‍ഷിക വികസന പദ്ധതികള്‍ വ്യാപകം, പക്ഷെ ഇവിടെ ഇതാ കൃഷി ഭൂമി തരിശിടുന്നു.

  • വി.ടി ഷാഹുല്‍ ഹമീദ്
  • Feb 19, 2015
  • 1 min read

തൃക്കരിപ്പൂര്‍: കാര്‍ഷിക മേഖല വികസിപ്പിക്കുന്ന ഏറെ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ തൃക്കരിപ്പൂരില്‍ ആയിരത്തോളം ഏക്കര്‍ കൃഷിയിടം തരിശിടുന്നു. തൃക്കരിപ്പൂര്‍, കരിവെള്ളൂര്‍ പെരളം, പിലിക്കോട്, എന്നീ പഞ്ചായത്തുകളിലാണ് ഇത്. തൃക്കരിപ്പൂരിലെ ഇയ്യക്കാട്, കൊയോങ്കര, തേര്‍വയല്‍, ഒളവറ, പിലിക്കോട് പഞ്ചായത്തിലെ ചന്തേര മാണിയാട്ട്, കരിവെള്ളൂര്‍- പരളം പഞ്ചായത്തിലെ കുണിയന്‍ വയല്‍ തുടങ്ങിയ പാടങ്ങളാണ് തരിശുഭൂമിയായി മാറിയിരിക്കുന്നത്. ഓരോ വര്‍ഷവും കൃഷിയിടങ്ങളില്‍ ആയിരക്കണക്കിന് കിന്റല്‍ നെല്ലാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. ചെന്നല്‍, മുണ്ടകന്‍, തൊന്നൂറാന്‍, കയമ, എന്നീ വിത്തുകളാണ് കര്‍ഷകര്‍ മെച്ചപ്പെട്ട കൃഷിക്ക് വേണ്ടി വിത്തിറക്കുന്നതിന്ന്‍ പുല്ല് കൊണ്ട് പൊതി കെട്ടി സൂക്ഷിക്കുക പതിവ്. എന്നാല്‍ അതൊക്കെ കൈവിട്ട് ഓര്‍മയായി തീര്‍ന്നിരിക്കുന്നു. കൃഷിക്ക് പുറമെ മത്തന്‍, കുമ്പളം, വെള്ളരി, കിഴങ്ങ് തുടങ്ങിയ കൃഷികളും നടത്താറ് പതിവായിരുന്നു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കര്‍ഷകര്‍ ഇപ്പോള്‍ കാര്‍ഷിക രംഗത്ത് നിന്ന് പിന്‍വലിഞ്ഞിരിക്കുന്നു. ചിങ്ങമാസത്തിലെ കുത്തരിയും ഓണം ഉണ്ണലും ഓര്‍മയിലേക്ക് നീങ്ങി. മേടം മാസം ആരംഭത്തില്‍ മണി ഒച്ചയിടുന്ന കാളകൂട്ടും കളപറിക്കലും ചുരുക്കം സ്ഥലത്തായി മാറി. കുണിയന്‍ റോഡില്‍ ശുദ്ധജലം കെട്ടി നിര്‍ത്തിയാണ് കൃഷി ഉപയോഗിക്കുക. കവ്വായി കായലില്‍ നിന്നുള്ള ഉപ്പ് വെള്ളം തടയുന്നതിന്ന്‍ കാരയില്‍ അണക്കെട്ട് ഫലപ്രദമായിരുന്നു. കുണിയന്‍ തോടും ആനാര്‍ തോടും മണ്ണടിഞ്ഞും സൈഡ് തകര്‍ന്നും ശുദ്ധജലം ലഭ്യമല്ലാത്ത രീതിയില്‍ ആയതോടെയാണ് കര്‍ഷകര്‍ കാര്‍ഷിക രംഗത്ത് നിന്നും പിന്മാറി തുടങ്ങിയത്. ഉപ്പ് വെള്ള കയറ്റം അവരെ തളര്‍ത്തുകയും ചെയ്തു. ഇതോടെയാണ് ചന്തേര, ഇയ്യക്കാട്, കൊയങ്കര, കുണിയന്‍ കൃഷിപ്പാടങ്ങള്‍ തരിശായത്. മൈനര്‍ ഇറിഗേഷന്‍ ക്രോസ്സ് ബാറുകള്‍ പുതുക്കിപ്പണിയുന്നതിന്നൊ റിപ്പയര്‍ ചെയ്യുന്നതിന്നോ ഫണ്ട് അനുവദിച്ച് കിട്ടാത്തതിനാല്‍ പദ്ധതി നടപ്പാക്കാന്‍ തയ്യാറല്ല. കാസര്‍ഗോഡ്‌ ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കൃഷി ഭൂമി ഉപയോക്തമാക്കാന്‍ നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് തരിശ് ചെയ്ത പഞ്ചായത്തായി പ്രഖ്യാപിചെങ്കിലും കാര്‍ഷിക പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കൃഷി വകുപ്പിന് ഇനിയും സാധിച്ചിട്ടില്ല. കര്‍ഷകര്‍ക്ക് സബ്-സിഡി നിരക്കില്‍ യന്ത്രവല്‍കൃത സൗകര്യങ്ങള്‍ ഒരുക്കിയതും പൂര്‍ണമല്ലെന്ന്‍ കര്‍ഷകര്‍ പറയുന്നു. ചെറുകിട പരിമിധ കര്‍ഷകര്‍ ഇപ്പോള്‍ ഇതര പഞ്ചായത്തുകളില്‍ നിന്നും ജോലിക്കാരെ കൊണ്ട് വന്നാണ് അല്‍പ്പമെങ്കിലും കൃഷി ചെയ്ത് വരുന്നത്. കൃഷിപ്പാടങ്ങളില്‍ പൂര്‍ണമായി മുഴുവന്‍ സ്ഥലങ്ങളിലും കൃഷിയും പച്ചക്കറി കൃഷിയും നടത്തുന്നതിന്ന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയും, വിത്തും വളവും പൂര്‍ണമായും സബ്-സിഡി നല്‍കി കര്‍ഷകര്‍ക്ക് ആശ്വാസപദ്ധതി നടപ്പാക്കിയാല്‍ തരിശിട്ട നിലങ്ങളില്‍ പൂര്‍ണമായും കൃഷി ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കര്‍ഷകര്‍ക്കുള്ളത്.

100_1877.JPG

കൃഷിപ്പാടം തരിശിട്ട തൃക്കരിപ്പൂരിലെ ഇയ്യക്കാട് കുണിയന്‍ പാടശേഖരം


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page