കേന്ദ്ര ബജറ്റില്‍ ബീരിച്ചേരി മേല്‍പ്പാലത്തിന് പരിഗണന: ജനങ്ങളില്‍ ആഹ്ലാദം
- Shahul Hameed V.T
- Mar 2, 2015
- 2 min read

തൃക്കരിപ്പൂര്‍ : ഏറെ നാളത്തെ മുറവിളിക്ക് ശേഷം ബീരിച്ചേരി റെയില്‍വേ ഗെയിറ്റില്‍ മേല്‍പ്പാലം എന്ന സ്വപ്നം പൂവണിയുന്നത് ജനങ്ങളില്‍ ആഹ്ലാദം. കാലിക്കടവ് - തൃക്കരിപ്പൂര്‍ - ഒളവറ റോഡിലെ ബീരിച്ചേരി റെയില്‍വേ ഗെയിറ്റില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന്ന്‍ കേന്ദ്ര ബജറ്റില്‍ പരിഗണന ലഭിച്ചതാണ് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായത്.രണ്ട് വില്ലേജുകള്‍ അടങ്ങിയ തൃക്കരിപ്പൂര്‍ പഞ്ചായത്തിന്‍റെ തെക്കന്‍ മേഖലയിലുള്ളവര്‍ക്ക് കാലിക്കടവ് ദേശീയ പാതയിലേക്ക് എത്തുന്നതിന്നും,തൃക്കരിപ്പൂര്‍ ടൗണില്‍ എത്തുന്നതിന്നും വര്‍ഷങ്ങളായി തീവണ്ടികളുടെ പോക്ക് വരവിനനുസരിച്ച് റെയില്‍വേ ഗെയിറ്റ് അടച്ചിടുന്നതിനാല്‍ ഗതാഗതകുരുക്ക് തന്നെയായിരുന്നു.തീരദേശ പഞ്ചായത്തായ വലിയപറമ്പ പഞ്ചായത്തിലെ പരശ്ശതം ജനങ്ങള്‍ക്ക് കൂടി ഏറെ ഉപകാരപ്രദമാണ് ബീരിച്ചേരി മേല്‍പ്പാലം.
തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്ന്‍ വടക്ക് ഭാഗത്ത് അടിപ്പാത കൂടി നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നതാണ് ബീരിച്ചേരി ഗെയിറ്റില്‍ മേല്‍പ്പാലത്തിന്‍റെ പ്രൊപ്പോസല്‍ വൈകാന്‍ കാരണമായത്. ഇ.അഹമ്മദ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ റെയില്‍വേ വികസനം യാഥാര്‍ഥ്യമാക്കുന്നതിന്ന്‍ മന്ത്രി കേരളത്തില്‍ നടത്തിയ പ്രാദേശിക സന്ദര്‍ശനം പല റെയില്‍വേ സ്റ്റേഷനുകളുടെയും,റെയില്‍വേ ഗെയിറ്റുകളുടെയും വികസനത്തിന് വെളിച്ചം നല്‍കി.ഇതാണ് തൃക്കരിപ്പൂര്‍ ബീരിച്ചേരി ഗെയിറ്റില്‍ മേല്‍പ്പാലമെന്ന ആശയത്തിന് വെള്ളിവെളിച്ചമായത്.
അഹമ്മദ് സാഹിബിന്‍റെ കൂടെ യാത്ര ചെയ്തിരുന്ന ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ചന്തേര,ഉദിനൂര്‍,ബീരിച്ചേരി റെയില്‍വേ ഗെയിറ്റുകളില്‍ മേല്‍പ്പാലം പണിയുന്നതിനെ കുറിച്ച് അഹമ്മദ് സാഹിബുമായും,റെയില്‍വേ ജനറല്‍ മാനേജരുമായും യാത്രാ വേളയില്‍ ചര്‍ച്ച നടത്തുകയും സ്ഥലം നേരില്‍ കാണുകയും ചെയ്തിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇ.അഹമ്മദ് എം.പി കുറിച്ചിട്ട ഫയലാണ് ബീരിച്ചേരി മേല്‍പ്പാലം പണിയുന്നതിന്ന്‍ കേന്ദ്ര ബജറ്റില്‍ പരിഗണന ലഭിക്കാന്‍ കാരണമായത്. ഇത് തൃക്കരിപ്പൂരിലെ ജനതക്ക് ആവേശവും ആശ്വാസവുമേകി.
പയ്യന്നൂര്‍ - ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ചന്തേര, ഉദിനൂര്‍, വെള്ളാപ്പ്, രാമവില്ല്യം, ഇളമ്പച്ചി, ഒളവറ ഉളിയം, പയ്യന്നൂര്‍ കവ്വായി എന്നീ റെയില്‍വേ ഗെയിറ്റുകള്‍ ഉണ്ട്. ഇതില്‍ ചെറുവത്തൂര്‍, ചന്തേര, പയ്യന്നൂര്‍ കവ്വായി റെയില്‍വേ ഗെയിറ്റുകളില്‍ മേല്‍പ്പാലം പണിത് ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്.നിലവിലുള്ള മറ്റ് റെയില്‍വേ ഗെയിറ്റുകളിലാണ് വണ്ടികളുടെ പോക്ക് വരവിനനുസരിച്ച് ഏറെ നേരം ഗെയിറ്റ് അടച്ചിടുന്നതിനാല്‍ യാത്രക്കാര്‍ക്ക് വിഷമം സൃഷ്ടിക്കുന്നത്.ഈയൊരു സാഹചര്യം കണക്കിലെടുത്താണ് ബീരിച്ചേരിയില്‍ മേല്‍പ്പാലം പണിയുന്നതിന് ബജറ്റില്‍ തുക വകയിരുത്തി മുന്‍ഗണന ലഭിച്ചത്.
പയ്യന്നൂര്‍ - തൃക്കരിപ്പൂര്‍ വഴിയില്‍ കാലിക്കടവ് ദേശീയ പാതയിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യുന്നതിനും വാഹന ഗതാഗതത്തിന്നും,തീരദേശ മേഖലകളില്‍ നിന്ന്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റിറക്ക് നടത്തുന്നതിനും മെച്ചപ്പെട്ട സൗകര്യമാണ് വരാനിരിക്കുന്നത്.ബീരിച്ചേരി റെയില്‍വേ ഗെയിറ്റില്‍ നിന്ന്‍ വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്നും ഉയര്‍ന്ന പദവി മേല്‍പ്പാലം വരുന്നതോടെ ലഭിക്കും.പ്രതിമാസം ഒരു കോടിയോളം ക. വരുമാനമുള്ള തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്ന്‍ വികസന ലക്ഷ്യം കൈവരിക്കാന്‍ ഇനിയുമുണ്ട്.കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സൗകര്യം നിലവിലുണ്ടെങ്കിലും മറ്റനുബന്ധ സൌകര്യങ്ങളൊന്നും തൃക്കരിപ്പൂരിന്ന്‍ ലഭിച്ചിട്ടില്ല.
ബീരിച്ചേരി - മെട്ടമ്മല്‍ റോഡും,തൃക്കരിപ്പൂര്‍ - വെള്ളാപ്പ് റോഡും ബന്ധിപിച്ച് റെയില്‍വേ ട്രാക്കിന് സമാന്തരമായി റോഡ് നിര്‍മ്മിച്ചാല്‍ വെള്ളാപ്പ് - ആയിറ്റി വഴി പടന്ന ടൗണിലേക്കും,ചെറുവത്തൂര്‍ ദേശീയ പാതയിലേക്കും യാത്രാ സൗകര്യം എളുപ്പമാകും.ഉദ്ദേശം ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡ് നിര്‍മ്മിക്കാന്‍ ആവശ്യമായ ഭൂമി ബീരിച്ചേരി റെയില്‍വേ മേല്‍പ്പാലം വരുന്നതോടെ സ്വകാര്യ വ്യക്തികളില്‍ നിന്നും റെയില്‍വേ ഏറ്റെടുക്കേണ്ടി വരും.ഇങ്ങനെയൊരു പുതിയ റോഡ് റെയില്‍വേ നിര്‍മ്മിച്ച് സൌകര്യപ്പെടുത്തിയാല്‍ തീരദേശ മേഖലക്കും തൃക്കരിപ്പൂര്‍ ടൗണിന്നും പുതിയ മുഖം നല്‍കാന്‍ സാധിക്കും.തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഏ.ജി.സി ബഷീര്‍,പി.കരുണാകരന്‍ എം.പി എന്നിവരുടെ പരിശ്രമം കൂടി ബീരിച്ചേരി മേല്‍പ്പാലം കൂടി കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സഹായകമായി.ബീരിച്ചേരി റെയില്‍വേ മേല്‍പ്പാലം പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ തൃക്കരിപ്പൂരിന്‍റെ വികസന ലക്ഷ്യം പൂവണിയും.
Comments