top of page

ജലസ്രോതസ്സുകള്‍ കുറഞ്ഞു: തൃക്കരിപ്പൂരും കടുത്ത വരള്‍ച്ചയിലേക്ക്.

  • Mar 3, 2015
  • 2 min read

img.jpg

തൃക്കരിപ്പൂര്‍: ജലസ്രോതസ്സുകള്‍ കുറഞ്ഞു തൃക്കരിപ്പൂരും കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ തീരദേശ വാര്‍ഡുകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത്. ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി പഞ്ചായത്ത് ജല അതോറിറ്റിയുടെ സഹായത്തോടെ 20-ഉം 30-ഉം വര്‍ഷം മുമ്പ് പണിത കിണറുകളിലാണ് വെള്ളം കുറഞ്ഞ് തുടങ്ങിയിരിക്കുന്നത്. തൃക്കരിപ്പൂര്‍ ടൌണ്‍, മീലിയാട്ട്, ബര്‍മ്മ, മെട്ടമ്മല്‍, മധുരങ്കയി , കണ്ണങ്കൈ, എടക്കയി, ഒളവറ എന്നിവിടങ്ങളിലായി സ്ഥാപിച്ച കിണറുകള്‍ വറ്റിത്തുടങ്ങി. മുഴുവന്‍ സമയവും പമ്പ് ചെയ്‌താല്‍ വേണ്ടത്ര വെള്ളം ലഭിക്കുന്നില്ല. ഗ്രാമങ്ങളിലാകെ 700-ല്‍ പരം പൊതുടാപ്പുകള്‍ സ്ഥാപിച്ച് വ്യാസം കുറഞ്ഞ പി.വി.സി പൈപ്പുകള്‍ വഴി വെള്ളം എത്തിച്ചാണ് കുടിവെള്ളം നല്‍കുന്നത്. പല സ്ഥലങ്ങളിലും ഇപ്പോള്‍ തന്നെ ലൈനില്‍ വെള്ളം എത്തുന്നില്ലെന്നാണ് പരാതി.


ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നതിന് ജില്ലാ-ബ്ലോക്ക്‌-ഗ്രാമപഞ്ചായത്തുകള്‍ക്ക് ബാദ്ധ്യതയുണ്ടെങ്കിലും വാര്‍ഷിക പദ്ധതിയില്‍ വന്‍ തുക വെട്ടി ചുരുക്കുന്ന കണക്കിലാണ് പഞ്ചായത്തുകളുടെ കണ്ണ് പതിക്കുന്നത്. ഉടുമ്പുന്തല, ഒളവറ, കുറ്റിച്ചി, പുനത്തില്‍, കൈക്കോട്ട്കടവ്, പൊറോപ്പാട്, മധുരങ്കയി, തലിച്ചാലം, മെട്ടമ്മല്‍, തൈക്കീല്‍, പറയന്മാനം, പേക്കടം, ആയിറ്റി, ബര്‍മ്മ, ബീരിച്ചേരി, തലിച്ചാലം, തെക്കുമ്പാട് തുടങ്ങിയ ചേരി പ്രദേശങ്ങളിലാണ് കുടിവെള്ളത്തിന് കടുത്ത ക്ഷാമം വര്‍ഷാവര്‍ഷം അനുഭവപ്പെടുന്നത്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ 2-3 ഇഞ്ച്‌ വ്യാസമുള്ള ജലവിതരണ പൈപ്പുകളാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച പൈപ്പ് ലൈനുകള്‍ പലതും പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്.


വാര്‍ഷിക അറ്റക്കുറ്റ പണികളുടെ പേരില്‍ വരള്‍ച്ച ദുരിതാശ്വാസ പദ്ധതി മുഖേന വാട്ടര്‍ അതോറിറ്റി വ്യാസം കുറഞ്ഞ പി.വി.സി പൈപ്പുകള്‍ വാങ്ങി ജലശ്രോതസ് നോക്കാതെയും സംഭരണിയുടെ ശേഷി കണക്കിലെടുക്കാതെയുമാണ് ലൈന്‍ നീട്ടുന്നത്. എന്നാല്‍ പൈപ്പുകള്‍ സ്ഥാപിച്ച് ടാപ്പുകള്‍ കൊടുത്താല്‍ വെള്ളം ചുരത്താത്ത പദ്ധതികളാണ് പലതും. പഞ്ചായത്തുകളില്‍ നിന്ന് നിര്‍ദേശം വാങ്ങി പദ്ധതി ഒപ്പിക്കുന്ന പണിയാണ് ജല അതോറിറ്റിയുടെത്. വീടുകളിലും കടകളിലും വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതും പതിവാണ്. എത്ര കണക്ഷന്‍ വേണമെങ്കിലും സ്ഥാപിച്ച് നല്‍കും. പക്ഷെ വെള്ളം കിട്ടുന്നത് പരിമിതമെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. കാലത്തും വൈകീട്ടും പരിമിതപ്പെടുത്തി പമ്പ് ചെയ്യാനേ ജല സ്രോതസ്സുകള്‍ ഉള്ളൂ എന്ന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. നിലവിലുള്ള പഴയ കിണറുകള്‍ മാറ്റി ആഴവും വ്യാസവും കൂടിയ കിണറുകള്‍ നിര്‍മിക്കണമെന്നാണ് ആവശ്യം.


പരിഹാര പദ്ധതി : തൃക്കരിപ്പൂരിന്റെ തീരദേശ പഞ്ചായത്തുകളായ വലിയപറമ്പ്, പടന്ന, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരം സംവിധാനം ഉണ്ടാക്കാന്‍ കാസര്‍ഗോഡിന്റെ വികസനലക്ഷ്യം വെച്ച് സര്‍ക്കാര്‍ രൂപീകരിച്ച പ്രഭാകരന്‍ കമ്മീഷന്‍ തയ്യാറാക്കിയ രേഖയില്‍ മുഖ്യ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കോടികള്‍ ചെലവിട്ട് കാക്കടവ് പുഴയില്‍ പാലാഴി കേന്ദ്രീകരിച്ച് തടയണ പണിത് വെള്ളം സംഭരിക്കാന്‍ വന്‍കിട പദ്ധതിക്കാണ് ശുപാര്‍ശ ഉള്ളത്. ഈ പദ്ധതി യുധകാല അടിസ്ഥാനത്തില്‍ നടപ്പാക്കിയാല്‍ നാല് തീരദേശ പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ കഴിയും. പദ്ധതിക്കുള്ള പ്രൊപ്പോസല്‍ ഇപ്പോള്‍ ഗവണ്മെന്റ് പരിഗണയിലാനുള്ളത്. കേന്ദ്ര - കേരള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായി രൂപപ്പെടുത്തി പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടവും തീരദേശ ജനതയും.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page