എം.എ ഹുസ്സൈനാറിന്റെ വിയോഗം ഉടുമ്പുന്തല ഗ്രാമത്തെ ദുഖത്തിലാഴ്ത്തി.
- വി.ടി ഷാഹുല്‍ ഹമീദ്
- Mar 12, 2015
- 1 min read

തൃക്കരിപ്പൂര്‍: മുസ്‌ലിംലീഗ് നേതാവ് എം.എ ഹുസ്സൈനാറിന്റെ മരണം ഉടുമ്പുന്തല ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. ഉടുമ്പുന്തലക്കാരുടെ ഹുസ്സൈനാര്‍ച്ച ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3:30 ഓടെയാണ് വിടപറഞ്ഞത്. മരണ വിവരം അറിഞ്ഞ് നൂറ് കണക്കിന് ആളുകളാണെത്തിയത്. ഹുസ്സൈനാറിന്റെ മരണം കാട്ടുതീ പോലെ പരന്നൊഴുകിയപ്പോള്‍ ആര്‍ക്കും വിശ്വസിക്കാനായില്ല.
ചെറുപ്പകാലത്ത് തന്നെ മുസ്‌ലിം ലീഗ് വളര്‍ത്തുന്നതില്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ച ഹുസ്സൈനാര്‍ ഉടുമ്പുന്തലക്കാര്‍ക്ക് പ്രിയനായിരുന്നു. കാലത്ത് ചന്ദ്രികയുമായി പരേതനായ മായിങ്കാന്റെ ചായക്കടയില്‍ ഹുസ്സൈനാരെത്തും. ചുരുക്കം ചന്ദ്രിക വരുന്ന കാലത്ത് ഉച്ച വരെ പ്രായക്കാരെയും ചെറുപ്പക്കാരെയും ചന്ദ്രിക വായിച്ചു കേള്‍പ്പിക്കുകയെന്നത് അദ്ദേഹത്തിന് ഹോബിയായിരുന്നു. ഉടുമ്പുന്തല പോസ്റ്റ്‌ഓഫീസില്‍ വരുന്ന കത്തുകള്‍ ഓഫീസ് പരിസരത്ത് വെച്ച് ഉച്ചത്തില്‍ വായിച്ച് വിലാസക്കാരനെ ഉറപ്പാക്കി കത്ത് ലഭിക്കാന്‍ പോസ്റ്റ്‌മാനെ സഹായിക്കുന്ന ഹുസ്സൈനാര്‍ അന്ന്‍ വെടിപ്പായ മലയാളത്തില്‍ വിദേശത്തേക്ക് കത്ത് അയക്കാനും വിലാസം എഴുതാനും സ്ത്രീകളെ സഹായിക്കുമായിരുന്നു.
പ്രമുഖ സഹകാരിയായ ഹുസ്സൈനാര്‍ തൃക്കരിപ്പൂര്‍ സഹകരണ ബാങ്ക് ഡയരക്ടര്‍, ഹൗസിംഗ് സൊസൈറ്റി ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉടുമ്പുന്തലയില്‍ മുസ്‌ലിം ലീഗ് വളര്‍ത്തുന്നതില്‍ മുഖ്യ കണ്ണിയായി പ്രവര്‍ത്തിച്ച ഹുസ്സൈനാര്‍ച്ച ശാഖ ലീഗ് പ്രസിഡന്റ്, സെക്രടറി, ഉടുമ്പുന്തല മുസ്‌ലിം ജമാഅത്ത് ആദ്യകാല പ്രസിഡന്‍റ് , സെക്രടറി, ജമാഅത്ത് പ്രവര്‍ത്തക സമിതി അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചന്ദ്രികയുടെ സ്ഥിരം പ്രചാരകനായിരുന്നു. എഴുത്തിലും വായനയിലും തല്‍പ്പരനായ അദ്ദേഹം മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ഏറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. എല്ലാവരും ഹുസ്സൈനാറിനെ ഏതിന് ആശ്രയിച്ചാലും രാത്രിയിലും പകലിലും ഹുസ്സൈനാര്‍ ഉടുമ്പുന്തലക്കാരുടെ കുടുംബാഗമായിട്ടാണ് ജീവിതം നയിച്ചത്. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനത്തില്‍ എന്നും ശ്രദ്ധേയനായ ഹുസ്സൈനാര്‍ ജില്ലാ കൌണ്‍സിലര്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം, മണ്ഡലം കൌണ്‍സിലര്‍ തുടങ്ങി വാര്‍ഡ് പ്രവര്‍ത്തനം പോലും എന്നും ജീവിത ചര്യയാക്കിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഉടുമ്പുന്തല ഗ്രാമത്തിന് തീരാ നഷ്ടമാണ്. നാടും ഗ്രാമവും ദുഃഖിതരാണ്.
മുസ്‌ലിം ലീഗ് ജില്ലാ സെക്രടറി എം.സി ഖമറുദ്ധീന്‍, എ.ജി.സി ബഷീര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗം വി.ടി ഷാഹുല്‍ ഹമീദ്, മുസ്‌ലിം ലീഗ് മറ്റ് ഭാരവാഹികളായ വി.കെ ബാവ, സത്താര്‍ വടക്കുമ്പാട്, എസ്.കുഞ്ഞഹമ്മദ്, എം.എ.സി കുഞ്ഞബ്ദുള്ള ഹാജി, എം.അബ്ദുള്‍ സലാം, എസ്.ടി.യു. ജില്ലാ സെക്രടറി ശംസുദ്ധീന്‍ ആയിറ്റി വസതിയിലെത്തി അനുശോചിച്ചു.
Comments