തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്: ഐ.എസ്.ഒ അംഗീകാരത്തിന് ശുപാര്‍ശയായി.
- Trikaripur Vision
- Mar 18, 2015
- 1 min read

തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരത്തിന് ശുപാര്‍ശ. വിവിധ സേവനങ്ങള്‍ ചിട്ടയായും സമയബന്ധിതമായും ലഭ്യമാക്കുന്നതിനുള്ള രാജ്യാന്തര ഗുണനിലവാര സാക്ഷ്യപത്രമായ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റിനാണ് പഞ്ചായത്ത് അര്‍ഹത നേടിയത്.
ഐ.എസ്.ഒ നേടുന്ന സംസ്ഥാനത്തെ 33 ാമത്തെയും,ജില്ലയിലെ 8 ാമത്തെയും പഞ്ചായത്താണ് തൃക്കരിപ്പൂര്‍.42782 ജനസംഖ്യയുള്ള പഞ്ചായത്തില്‍ ദിനംപ്രതി 250 ലേറെ അപേക്ഷകളാണ് ഫ്രണ്ട് ഓഫീസ് മുഖേന പഞ്ചായത്ത് ഓഫീസില്‍ ലഭിക്കുന്നത്. പെന്‍ഷന്‍ അപേക്ഷകള്‍ക്ക് 30 ദിവസത്തിനകവും കെട്ടിട നമ്പര്‍ 15 ദിവസത്തിനകവും വിവരാവകാശ പ്രകാരമുള്ള അപേക്ഷകള്‍ക്ക് 20 ദിവസത്തിനകവും പരിഹാരം കാണുകയാണ് ലക്ഷ്യം. ഉടമസ്ഥാവകാശം, ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്, ജനന - മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ ഒരു ദിവസത്തിനകം നല്‍കും.
1970 മുതല്‍ 2015 വരെയുള്ള എല്ലാ ജനന - മരണ രജിസ്ട്രേഷനും 2008 മുതല്‍ 2015 വരെയുള്ള വിവാഹവും 1972 മുതല്‍ 2008 വരെയുള്ള ഹിന്ദു വിവാഹ രജിസ്ട്രേഷനും വെബ്പോര്‍ട്ടിംഗ് പൂര്‍ത്തിയായി. പൊതുജനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാനും സൗകര്യമുണ്ട്. പഞ്ചായത്ത് ഓഫീസില്‍ സൂചിക ആപ്ലിക്കേഷന്‍ വിന്യസിച്ചതിലൂടെ കടലാസുരഹിത പഞ്ചായത്തായി തൃക്കരിപ്പൂര്‍ മാറും. കഴിഞ്ഞ രണ്ട് വര്‍ഷമായി നൂറ് ശതമാനം നികുതി പിരിവും നൂറ് ശതമാനം പദ്ധതി വിഹിതവും ചെലവഴിച്ചതിലൂടെ തൃക്കരിപ്പൂര്‍ പഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്താണ്.സൗജന്യ വൈ ഫൈ സംവിധാനമൊരുക്കിയ രാജ്യത്തെ ആദ്യ ഗ്രാമപഞ്ചായത്ത് എന്ന ഖ്യാതിയും തൃക്കരിപ്പൂര്‍ നേടിയിരുന്നു.
പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍,വൈസ് പ്രസിഡണ്ട് പി.വി പത്മജ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയും പഞ്ചായത്ത് സെക്രട്ടറി പി.പി രഘുനാഥന്‍റെ നേതൃത്വത്തില്‍ ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് പഞ്ചായത്തിനെ ഐ.എസ്.ഒ അംഗീകാരത്തിന് അര്‍ഹമാക്കിയത്. എക്സ്റ്റേണല്‍ സര്‍ട്ടിഫിക്കേഷന്‍ ബോഡിയായ ടാറ്റാ ക്വാളിറ്റി സര്‍വ്വീസും ആലപ്പുഴയിലെ സെലസ് കണ്‍സള്‍ട്ടന്‍റ് സര്‍വ്വീസുമാണ് സര്‍ട്ടിഫിക്കേഷനായി പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.
അവലോകന യോഗത്തില്‍ പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍ അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് പി.വി പത്മജ, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.കെ ബാവ, ടി.അജിത, സെക്രട്ടറി പി.പി രഘുനാഥ്, ലീഡ് ഓഡിറ്റര്‍ സുജിത്ത്, സെലസ് കണ്‍സല്‍ട്ടന്‍റ് ചീഫ് വിനീത്, അസി.സെക്രട്ടറി രമേശ്, ഹെഡ്ക്ലാര്‍ക്ക് മധുസൂദനന്‍ പ്രസംഗിച്ചു.
Comments