തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത്: 2015 -16 ലെ ബഡ്ജറ്റ് അവതരിപ്പിച്ചു.
- Trikaripur Vision
- Mar 22, 2015
- 1 min read
തൃക്കരിപ്പൂര്‍ : അടിസ്ഥാന സൗകര്യ വികസനത്തിന്ന്‍ ഊന്നല്‍ നല്‍കിയും,ഉല്‍പ്പാദന സേവന മേഖലകള്‍ക്ക് പരിഗണന നല്‍കിയും തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് 2015 -16 ലെ ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് പി.വി പത്മജ അവതരിപ്പിച്ചു.പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍ അധ്യക്ഷം വഹിച്ചു.
156696459 ക. വരവും, 144853000 ക. ചെലവും, 11843459 ക. മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഐ.എ.വൈ ഭവന പദ്ധതിക്ക് പുറമേ പഞ്ചായത്തിന്‍റെ സ്വന്തം ഫണ്ട് ചെലവിട്ട് നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് വീട് വെച്ചുനല്‍കുന്നതിന്ന്‍ കാരുണ്യ ഭവന പദ്ധതി രൂപീകരിക്കും. ഈ പദ്ധതിക്കായി 60 ലക്ഷം ക. വകയിരുത്തി. പഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങള്‍ മൊബൈല്‍ വഴി ലഭ്യമാക്കാനായി പഞ്ചായത്ത് സ്വന്തമായി ഐ.കെ.എം അംഗീകാരത്തോടെ മൊബൈല്‍ ആപ്പ് നടപ്പില്‍ വരുത്തും. ഈ പദ്ധതി സംസ്ഥാനത്ത് ആദ്യമായാണ്.
തൃക്കരിപ്പൂരില്‍ റെയില്‍വേ അണ്ടര്‍ പാസ്സിനുള്ള സെന്‍ഡേജ് തുക ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള മത്സ്യ മാര്‍ക്കറ്റും, മാതൃകാ അറവുശാലയും പണിയുന്നതിന്നും തുക വകയിരുത്തി.
പഞ്ചായത്തിന്‍റെ തനത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്നായി നടക്കാവിലും ഇളമ്പച്ചിയിലും ഷോപ്പിംഗ് കോംപ്ലക്സുകള്‍ പണിയും. ടൗണില്‍ ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധിപ്പിച്ച് ജൈവ പച്ചക്കറി കൃഷിക്ക് മുന്തിയ പരിഗണനയാണ് ബഡ്ജറ്റില്‍ നല്‍കിയിട്ടുള്ളത്. ക്ഷീര സാഗരം, കന്നുകുട്ടി പരിപാലനം, മുട്ടക്കോഴി വിതരണം തുടങ്ങിയ പദ്ധതിയും ഉല്‍പ്പാദന മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പട്ടികജാതി മേഖലയില്‍ സ്വന്തമായി സ്ഥലമുള്ള അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നല്‍കും. കോളനിയിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാനും ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. കൊയോങ്കര ആയുര്‍വേദ ആശുപത്രിയില്‍ വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി പ്രത്യേക പദ്ധതി രൂപീകരിക്കും. തൃക്കരിപ്പൂരില്‍ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരുദ്ധാരണത്തിന്നായി കുടുംബശ്രീ മിഷന്‍റെ സഹായത്തോടെ പദ്ധതി നടപ്പാക്കും. തെരുവ് വിളക്കില്ലാത്ത പ്രദേശങ്ങളില്‍ വൈദ്യുതി വഴിവിളക്കുകള്‍ സ്ഥാപിക്കും. പഞ്ചായത്തില്‍ സൗരോര്‍ജ്ജ പാനല്‍ നിര്‍മ്മിച്ച് സൗകര്യമൊരുക്കും. ഗ്രാമീണ റോഡുകള്‍ വിപുലീകരിക്കുന്നതിന്നും ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.കെ ബാവ, അഡ്വ. എം.ടി.പി കരീം, ടി.അജിത, മെമ്പര്‍മാരായ കെ.കണ്ണന്‍, എന്‍.അബ്ദുള്ള, ടി.വി പ്രഭാകരന്‍, ടി.ശ്യാമള , എം.മാലതി, പി.വി ലേഖ, കെ.പി സുഹറ പ്രസംഗിച്ചു.

തൃക്കരിപ്പൂര്‍ പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് പി.വി പത്മജ അവതരിപ്പിക്കുന്നു
Comentários