ജലക്ഷാമം; സൗത്ത് തൃക്കരിപ്പൂര്‍ കരിയുന്നു.
- Trikaripur Vision
- Mar 29, 2015
- 1 min read
തൃക്കരിപ്പൂര്‍ : സൗത്ത് തൃക്കരിപ്പൂരില്‍ ജലക്ഷാമം രൂക്ഷമാകുന്നു.കിണറുകളും കുളങ്ങളും വറ്റിതുടങ്ങിയതോടെ വീട്ടാവശ്യങ്ങള്‍ക്ക് പോലും വെള്ളം വേണ്ടത്ര ലഭ്യമല്ല.വാട്ടര്‍ അതോറിറ്റിയുടെ കണ്ണങ്കൈ - എടക്കയി,ഒളവറ എന്നീ ഗ്രാമീണ ജലവിതരണ പദ്ധതികളില്‍ നിന്നാണ് ഇവിടേക്ക് ജലവിതരണം നടത്തുന്നത്.പഞ്ചായത്തിന്‍റെതായി ഈ രണ്ട് പദ്ധതികളില്‍ 46 പൊതുടാപ്പുകളുണ്ട്.ടാപ്പുകള്‍ പലതും കേടുവന്ന്‍ വെള്ളം ചുരത്തുന്നില്ല.
കണ്ണങ്കൈ - എടക്കയി ജലവിതരണ പദ്ധതിയില്‍ മുപ്പതിനായിരം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കാണുള്ളത്.രണ്ട് കിണറുകളില്‍ നിന്ന് പമ്പിംഗ് നടത്തിയാലും വേണ്ടത്ര വെള്ളം ലഭ്യമല്ല.കണ്ണങ്കൈ,പൊറോപ്പാട്,കരികടവ്,ഉടുമ്പുന്തല,വലിയകുതിര്‍ എന്നീ പ്രദേശങ്ങളിലേക്ക് ഈ പദ്ധതിയില്‍ നിന്നാണ് പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് കുടിവെള്ളമെത്തിക്കുന്നത്.വര്‍ഷംതോറും പി.വി.സി പൈപ്പുകള്‍ വാങ്ങി ലൈന്‍ നീട്ടി ടാപ്പുകള്‍ സ്ഥാപിച്ചതല്ലാതെ പഴകിദ്രവിച്ച ടാങ്ക് പുതുക്കി പണിയാന്‍ പദ്ധതി രൂപീകരിച്ചിരുന്നില്ല.രണ്ട് കിണറുകളില്‍ നിന്ന് ഒരേ സമയം വെള്ളം പമ്പ് ചെയ്‌താല്‍ നിലവിലുള്ള ഒരു ടാങ്ക് നിറക്കാന്‍ തന്നെ വെള്ളം കിട്ടുന്നില്ല.കണ്ണങ്കൈ - എടക്കയി പദ്ധതിയിലെ ജലസംഭരണി തുരുമ്പെടുത്തു നശിക്കുകയാണ്.ഇത് കൂടി പുതുക്കി പണിത് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ ശ്രദ്ധിക്കണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം.
Comments