തൃക്കരിപ്പൂരിന്‍റെ ഫുട്ബോള്‍ പെരുമ കണ്ടറിയാന്‍, സെക്കന്ദരാബാദില്‍ നിന്നും കളിക്കാരെത്തി.
- Trikaripur Vision
- Mar 29, 2015
- 1 min read

തൃക്കരിപ്പൂർ:നിരവധി ദേശീയ സംസ്ഥാന ഫുട്ബാൾ പ്രതിഭകൾക്ക് ജന്മം നല്കിയ തൃക്കരിപ്പൂർ എടാട്ടുമ്മലിന്റെ ഫുട്ബാൾപ്പെരുമ കണ്ടറിയാൻ എ.ഒ .സി സെക്കന്ദരാബാദിന്റെ ടീം ഇന്നലെ ആലുംവളപ്പിലെത്തി .നാട്ടുകാരനായ മുൻ കോച്ച് വി.വി.ഗണേശന്റെ നേതൃത്വത്തിൽ ഇൻഡോർ,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നടന്ന അഖിലേന്ത്യാ ഫുട്ബാൾ ടൂർണമെന്റിൽ കപ്പു നേടിയ ആത്മ വിശ്വാസവുമായി തിരൂരിൽ നടക്കുന്ന മമ്മുഹാജി മെമ്മോറിയൽ അഖിലേന്ത്യാ ഫുട്ബാൾ ടൂർണ്ണമെന്റിൽ പങ്കെടുക്കാനാണ് ഈ പട്ടാള ടീം കേരളത്തിലെത്തിയത്. ഏജീസ് ഓഫീസ് തിരുവനന്തപുരം, ടൈറ്റാനിയം എന്നീ പ്രഗദ്ഭ ടീമുകളെ പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ച ടീമിന് ലഭിച്ച രണ്ടു ദിവസത്തെ ഇടവേളയിലാണ് മുൻ കോച്ചിന്റെയും ടീമിന്റെ ക്യാപ്ടനടക്കം നാലുകളിക്കാരുടെ പരിശീലനക്കളരിയിൽ എത്തിയത്.നിലവിൽ ബംഗാളിയായ സുധീർ മിശ്രയാണ് ടീമിന്റെ പരിശീലകൻ . ക്യാപ്റ്റനും ഗോൾ കീപ്പറുമായ ടി.സജിത് കുമാർ , സർവ്വിസസ്സിനു വേണ്ടി സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച പി.ജെയിൻ , ആർ .ദിലീപ്, ടി.വിനീത് എന്നിങ്ങനെ ടീമിന്റെ നെടുംതൂണായ ഈ നാല് പേർ ആലുംവളപ്പിന്റെ പരിസരവാസികളാണെന്നതാണ് മറ്റൊരു പ്രത്യേകത.ഇന്നലെ രാവിലെ എത്തിയ ടീം അംഗങ്ങളെ പ്രൊഫഷനൽ താരങ്ങളായ ടി.വി.ബിജുകുമാർ,ടി.സജിത് ,ടി.സജേഷ്, സുഭാഷ് ക്ലബ് കോച്ച് കെ.അശോകൻ , മുൻ ഫുട്ബാൾ താരം കെ.വി.കൃഷ്ണൻ മാസ്റ്റർ, പി.സുഭാഷ്,വെറ്ററൻസ് താരം എൻ .രാമകൃഷ്ണൻ , എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് കുട്ടികളടക്കമുള്ളവരടക്കം ചേർന്ന് അൽപ്പനേരം പരിശീലനം നടത്തിയ ശേഷമാണ് ടീം തിരിച്ചുപോയത്.
Comments